മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ്, എൽടിടിയിൽനിന്നു മംഗളൂരു സെൻട്രലിലേക്കും തിരിച്ചുമുള്ള മത്സ്യഗന്ധ എക്സ്പ്രസ് എന്നി ട്രെയിനുകളുടെ എത്തിച്ചേരല്‍, പുറപ്പെടല്‍ എന്നിവയിലാണ് മാറ്റം വരുത്തിയത്. ഒരു മാസത്തേക്ക് ഇരു ട്രെയിനുകളും പൻവേൽ ജങ്ഷനില്‍ നിന്നും യാത്രയാരംഭിക്കുമെന്ന് മധ്യറെയിൽവേ അറിയിച്ചു.
തിരുവനന്തപുരം–എൽടിടി നേത്രാവതി: തിരുവനന്തപുരത്തുനിന്ന് എൽടിടിയിലേക്കുള്ള നേത്രാവതി എക്സ്പ്രസും (16346), മംഗളൂരു സെൻട്രലിൽനിന്ന് എൽടിടിയിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസും (12620) ജനുവരി 29 വരെ പൻവേലിൽ സർവീസ് അവസാനിപ്പിക്കും.
എൽടിടി– തിരുവനന്തപുരം നേത്രാവതി: എൽടിടിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്(16345) ജനുവരി 2 മുതൽ 31 വരെയും എൽടിടിയിൽനിന്നു മംഗളൂരു സെൻട്രലിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസ് (12619) ജനുവരി 31 വരെയും പൻവേലിൽനിന്നായിരിക്കും സർവീസ് ആരംഭിക്കുക.
കേരളത്തിലേക്ക് കൊങ്കൺ പാത വഴിയുള്ള ഏക പ്രതിദിന ട്രെയിനാണു നേത്രാവതി എക്സ്പ്രസ്. കുർള, താനെ എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി പൻവേലിലേക്ക് ഇരു ട്രെയിനുകളും മാറ്റുന്നത് ബോറിവ്‌ലി, അന്ധേരി, സിഎസ്എംടി, കല്യാൺ, അംബർനാഥ്, താനെ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.
SUMMARY: Netravati, Matsyagandha Express only up to Panvel Junction for one month














