ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്). ഒരു പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലെ യശ്വന്തപുര-കണ്ണൂർ എക്സ്പ്രസിൽ (16527/16528) 3 മാസം മുൻപ് പോലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ദിവസേന വൈകിട്ട് 5നും 8നു ഇടയിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് ട്രെയിനാണ് ആവശ്യമെന്ന് ജനറൽ കൺവീനർ ആർ.മുരളീധർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
യശ്വന്ത്പുര-കണ്ണൂർ എക്‌സ്‌പ്രസിന് പട്ടാമ്പിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാമ്പിയില്‍ സ്റ്റോപ്പ് അനുവദിച്ചാൽ ഗുരുവായൂർക്ഷേത്രത്തിൽ ദർശനത്തിനായി പോകുന്നവർക്കും ഉപകാരപ്പെടുമെന്നും ചൂണ്ടിക്കാട്ടി.
ബെംഗളൂരു -എറണാകുളം വന്ദേഭാരതിന് എറണാകുളം നോർത്തിൽ സ്റ്റോപ് അനുവദിച്ചാൽ തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് കണക്ഷൻ ലഭിക്കും. ബെംഗളൂരു തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
SUMMARY: New train to Kannur should be allowed: KKTF














