ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. നിമിഷപ്രിയ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍ ആണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. യെമനില്‍ കൊലപാതക കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. ശിക്ഷ ഈമാസം 16ന് നടപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ദിയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രം ഇടപെടണമെന്നും ഹരജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ത് ഹാജരായി. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി.
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിക്കപ്പെട്ടത്.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച് 2012ലാണ് യമനിൽ നഴ്സായി പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യമൻ പൗരനായ തലാൽ അബു മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് ക്ലിനിക് തുടങ്ങാനും തീരുമാനിച്ചു. നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം തലാലിന് കൈമാറി. ക്ലിനിക് തുടങ്ങിയശേഷം, നിമിഷ ഭാര്യയാണെന്നു കാണിച്ച് തലാൽ വ്യാജ വിവാഹസർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും കഴിച്ചു. ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. പാസ്പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ തലാൽ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ പറഞ്ഞത്.
SUMMARY: Nimishapriya’s death sentence: Supreme Court takes urgent action, directs Centre to inform about steps taken so far