തിരുവനന്തപുരം: കേരളീയ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് സമയപരിധി 2025 നവംബര്‍ 30 വരെ നീട്ടി. നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചുവെങ്കിലും സമയം നീട്ടി നല്‍കണമെന്ന് പ്രവാസികളില്‍ നിന്നും, പ്രവാസി സംഘടനകളില്‍ നിന്നും ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ സമയപരിധി 2025 നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്മാന്‍ പി ശ്രീരാമകൃഷ്ണനും നോര്‍ക്ക റൂട്‌സ് സി ഇ ഓ അജിത് കൊളശ്ശേരിയും അറിയിച്ചു .
പദ്ധതിയുടെ ഔദ്യോഗിക ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് ഡി ജി എം ജോയ്സ് സതീഷ്, അജിത് കൊളശ്ശേരിക്ക് കൈമാറി. പി ശ്രീരാമകൃഷ്ണന്‍, വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ സംബന്ധിച്ചു.
രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിവര്‍ക്കുളള പരിരക്ഷ ഇന്ന് മുതല്‍ നിലവില്‍ വന്നു. ഒക്ടോബര്‍ 31 ആയിരുന്നു പദ്ധതിയില്‍ ചേരാനുള്ള അവസാനതീയതി.
സെപ്തംബര്‍ 22-ന് ആരംഭിച്ച നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിനാല് പ്രവാസി കേരളീയ കുടുംബങ്ങള്‍ ഇതുവരെ പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളില്‍ പ്രവാസി കേരളീയ കുടുംബാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സമൂഹവും പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യാനാകുക. ഇതുവരെ രണ്ട് ലക്ഷത്തോളം പ്രവാസികേരളീയര്‍ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സേവനവും പ്രയോജനപ്പെടുത്തി. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 രൂപ പ്രീമിയത്തില്‍ (അധികമായി ഒരു കുട്ടി (25 വയസ്സില്‍ താഴെ): 4,130 രൂപ) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18-70 വയസ്) 8,101 രൂപയുമാണ്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18, 000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
SUMMARY: NORKA CARE enrollment deadline extended to November 30, 2025














