ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുന്(32) അടക്കം ജീവന് നഷ്ടമായത് 11 പേര്‍ക്കാണ്. 72 ദിവസങ്ങളേറെ നീണ്ട തിരച്ചിലിനൊടുവില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഗംഗാവാലിയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തു. മരിച്ച 11 പേരില്‍ 9 പേരുടെയും മൃതദേഹം വിവിധ ഘട്ടങ്ങളിലായി കണ്ടെത്തി. രണ്ടു പേരുടെ മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
വഴിയരികില്‍ ലോറി നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനും ലോറിയും ഗംഗാവാലി പുഴയിലേക്ക് പതിച്ചത്. സമീപത്തെ ചായക്കടയടക്കം ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. അര്‍ജുനും ലോറിയും മണ്ണിടിച്ചിലില്‍ അകപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ സര്‍വ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരിച്ചിലായി. ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ പ്രദേശത്തും കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ പരിശോധന. കാര്‍വാര്‍ എംഎല്‍എയായിരുന്ന സതീഷ് കൃഷ്ണ സെയില്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. ലോറി ഉടമ മനാഫിനും അര്‍ജുന്റെ സഹോദരനുമൊപ്പം വിവിധയിടങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അര്‍ജുനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. രക്ഷാപ്രവര്‍ത്തങ്ങള്‍ക്കിടെ തര്‍ക്കങ്ങളും ഉടലെടുത്തു.
ദിവസങ്ങള്‍ നീണ്ട കരയിലെ തിരച്ചിലിനൊടുവില്‍ ഗംഗാവലി പുഴയിലാണ് അര്‍ജുനും ലോറിയുമെന്ന് റഡാര്‍ സിഗ്നലുകള്‍ സ്ഥിരീകരിക്കുന്നു. പുഴയിലെ ശക്തമായ ഒഴുക്കും അടിഞ്ഞുകൂടിയ മണ്ണൂം പാറയും തിരച്ചിലിന് തടസമായി. ഒടുവില്‍ കൂറ്റന്‍ ഡ്രഡ്ജന്‍ എത്തിച്ച് പരിശോധന. ഒടുവില്‍ സെപ്റ്റംബര്‍ 25ന് എല്ലാം പ്രതീക്ഷകളും ഇല്ലാതാക്കി ലോറിയും അര്‍ജുന്റ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെ അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു. അപകടം നടന്നതുമുതല്‍ മൃതദേഹം കണ്ടെത്തുന്നതുവരെ ഓരോ മലയാളിയുടെയും ചിന്തകളില്‍ മുഴുവന്‍ അര്‍ജുനായിരുന്നു.
SUMMARY: One year has passed since the Shirur disaster; 11 people including Arjun lost their lives