
മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു ലക്ഷം വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ഇടപാടുകൾ സൗജന്യമാണ്. ഇതിലാണ് ഫെബ്രുവരി 15 മുതൽ എസ്.ബി.ഐ മാറ്റം വരുത്താൻ പോകുന്നത്. ഇനി മുതൽ 25,000 രൂപയ്ക്ക് മുകളിൽ ഓൺലൈനായി അയക്കുമ്പോൾ ചെറിയൊരു തുക ഫീസായി നൽകേണ്ടി വരും.
25, 000 മുതൽ ഒരു ലക്ഷം വരെയുള്ള ഓൺലൈൻ ഐഎംപി എസ് ഇടപാടുകൾക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒന്നുമുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഇത്തരം ട്രാൻസാക്ഷനുകൾക്ക് ആറു രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും. രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് പത്തു രൂപയും ജിഎസ്ടിയുമാണ് സേവന നിരക്കായി ഈടാക്കുക. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐഎംപിഎസ് ട്രാൻസാക്ഷൻ വഴി നടത്താൻ സാധിക്കുക.
ബാങ്കിന്റെ ബ്രാഞ്ചുകൾ വഴിയുള്ള ഐഎംപിഎന്ന് ട്രാൻസാക്ഷനുകൾക്ക് നിലവിലെ രീതി തുടരും. 1,000 രൂപ വരെയുള്ള ട്രാൻസാക്ഷനുകൾ ബ്രാഞ്ചുകൾ വഴി സൗജന്യമായി നടത്താം. 1,000 മുതൽ ഒരു ലക്ഷം വരെയുള്ള ഇടപാടിന് നാല് രൂപയും ജിഎസ്ടിയുമാണ് നിരക്ക്. ഒന്നു മുതൽ രണ്ട് ലക്ഷം വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 12 രൂപയും ജിഎസ്ടിയും ഫീസ് ഈടാക്കും. രണ്ട് മുതൽ അഞ്ച് ലക്ഷാ വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയുമാണ് നിരക്ക്.
അതേസമയം സൈനികർ, കേന്ദ്ര സർക്കാർ ജീവനക്കാർ, റെയിൽവേ ജീവനക്കാർ എന്നിവരുടെ ശമ്പള അക്കൗണ്ടുകൾക്കും പെൻഷൻ അക്കൗണ്ടുകൾക്കും ഈ നിരക്ക് ബാധകമല്ല. ബാങ്കുകളുടെ പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അടുത്തിടെ എ.ടി.എം നിരക്കുകളിലും എസ്.ബി.ഐ മാറ്റം വരുത്തിയിരുന്നു.
SUMMARY:SBI is going to charge service charge for IMPS transactions














