ബെംഗളൂരു: ആശുപത്രികളില്‍ നിന്നും നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ബെല്ലാരി പോലീസ് പിടികൂടി. ഷമീമ, ഭർത്താവ് ഇസ്മായിൽ, ഇവരുടെ സഹായി ബാഷ എന്നിവരാണ് അറസ്റ്റിലായത്. ബെല്ലാരി ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകൽ നടന്ന് 24 മണിക്കൂറിനുള്ളിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് മൂന്നംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി തോരണഗല്ലുവിലെ ബസവരാജ് മഹന്തപ്പ എന്ന വ്യക്തിക്ക് വിറ്റത്. കുട്ടികളില്ലാതിരുന്ന ബസവരാജ് കർശനമായ നിയമങ്ങൾ കാരണം നിയമപരമായി ദത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് പ്രതികളില്‍ ഒരാളായ ബാഷയെ സമീപിക്കുകയായിരുന്നു.
ശ്രീദേവി എന്ന യുവതി തന്റെ നവജാതശിശുവിന്റെ ജനന സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായി ബെല്ലാരി ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. അവിടെ എത്തിയ പ്രതികളില്‍ ഒരാളായ ഷമീമ ശ്രീദേവിയുമായി സുഹൃദം സ്ഥാപിച്ചു. ശ്രീദേവി ശുചിമുറിയിലെക്ക് പോകുന്നതിനായി കുറച്ചു നേരം കുഞ്ഞിനെ ഷമീമയെ ഏല്‍പ്പിക്കുകയും എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും ഷമീമ കുഞ്ഞിനെയും കൊണ്ട് കടന്നുകളയുകയുമായിരുന്നു.
ശ്രീദേവി ഉടൻ തന്നെ ബ്രൂസ്‌പേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച രാത്രിയോടെ പ്രതികളെ കണ്ടെത്തി കുട്ടിയെ രക്ഷപ്പെടുത്തിയതായി ബെല്ലാരി എസ്.പി. ശോഭ റാണി പറഞ്ഞു. ഷമീമയുടെ അമ്മ സൈനബി മുമ്പ് സമാനമായ കേസിൽ പ്രതിയാണെന്നും ശോഭ റാണി പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എസ്.പി. കൂട്ടിച്ചേർത്തു.
SUMMARY: Police arrest child abductor gang. Newborn baby rescued