തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി വാഹനത്തില്‍ ആറു വാഹനങ്ങളുടെ അകമ്പടിയിലായിരിക്കും പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള രാഷ്ട്രപതിയുടെ യാത്ര. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി മാത്രമാണ് ഗൂര്‍ഖ വാഹന സൗകര്യം അനുവദിക്കുന്നത്. സ്വാമി അയ്യപ്പന്‍ റോഡിലൂടെയോ പരമ്പരാഗത റോഡിലൂടെയോ ആയിരിക്കും വാഹന വ്യൂഹം കടന്നു പോവുക. മറ്റു ഭക്തര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും. വാഹന വ്യൂഹത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു.
രാഷ്ട്രപതിയുടെ സുരക്ഷയും മേഖലയുടെ പ്രത്യേകതയും കണക്കിലെടുത്താണ് പ്രത്യേക വാഹന വ്യൂഹം അനുവദിച്ചത്. തന്ത്രിയടക്കമുള്ളവരെ വിവരം അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതിക്കൊപ്പം മല കയറുന്നവരുടെ പട്ടിക രാഷ്ട്രപതിഭവന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇത് ഹൈക്കോടതിയുടെ അനുമതിക്കായി നല്‍കി. രാഷ്ട്രപതിയെ കൂടാതെ ഗവര്‍ണറും ഭാര്യയും മന്ത്രി വി.എന്‍. വാസവനുമാണ് ഉണ്ടാകുക.
അകമ്പടിയായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയും ഹൈക്കോടതിക്കു നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിശദീകരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രാഷ്ട്രപതിയുടെ സന്ദര്‍ശനം ശബരിമലയിലെ ആചാരപരമായ ചടങ്ങുകള്‍ക്കോ പരിശുദ്ധിക്കോ തടസ്സങ്ങളുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചു.
SUMMARY: President to visit Sabarimala in special Gorkha vehicle