തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്.
പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേടുണ്ടോയെന്ന് സിബിഐയ്ക്ക് പരിശോധിക്കാം എന്നായിരുന്നു വിജിലൻസ് ശുപാർശ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ഈ ശുപാർശയിൽ നടപടിയെടുക്കാനാണ് സർക്കാർ നീക്കം. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ‘പുനർജ്ജനി പദ്ധതി’ക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ. യുകെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്.
യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി ഡി സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ നേതാവിനെതിരായ നീക്കം രാഷ്ട്രീയായുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം പ്രഹസനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായി വിജയൻ ഓലപാമ്പ് കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
SUMMARY: Punarjani Project: Recommendation for CBI probe against VD Satheesan














