കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇതോടെ ഒളിവില്‍ തുടരുന്ന രാഹുലിന്റെ അറസ്റ്റിനുള്ള വഴി തുറന്നിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടിരുന്നു.
ഇന്നലെ വാദം കേട്ടപ്പോള്‍ ചില നിർണായക രേഖകള്‍ കൂടി സമർപ്പിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതിനെ തുടർന്നാണ് കേസ് തുടർ വാദത്തിനായി ഇന്നത്തേക്ക് മാറ്റിയത്. ജാമ്യം നിഷേധിച്ച കോടതിയുടെ വിധി രാഹുലിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് പ്രതിക്കെതിരായ ഗുരുതരമായ തെളിവുകളുടെയും പ്രോസിക്യൂഷൻ്റെ ശക്തമായ വാദങ്ങളുടെയും അടിസ്ഥാനത്തിലാണ്.
പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാൻ കാരണമാകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കൂടാതെ, രാഹുലിനെതിരെ നിർബന്ധിത ഗർഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പോലീസ് റിപ്പോർട്ടില്‍ പ്രതിക്കെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. മെഡിക്കല്‍ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്തതായി പ്രോസിക്യൂഷൻ വാദിച്ചു. ഈ കാരണങ്ങള്‍ കണക്കിലെടുത്താണ് കുറ്റങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയും അപേക്ഷ തള്ളുകയും ചെയ്തത്.
SUMMARY: Rape case; Rahul Mangkootatil denied anticipatory bail














