മംഗളൂരു: മംഗളൂരു വെടിവയ്പ് കേസിൽ 10 വർഷമായി ഒളിവിലായിരുന്ന പ്രതിയെ കർണാടക പോലീസ് പിടികൂടി. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയായ ഗണേശ് ലക്ഷ്മൺ സാകതിനെ മഹാരാഷ്ട്രയിൽ നിന്ന് മംഗളൂരു പോലീസ് പിടികൂടുകയായിരുന്നു.
2014ൽ മംഗളൂരുവിൽ ബെജായ് ഭാരതി ബിൽഡേഴ്സിന്റെ ഓഫിസിൽ വെടിവയ്പുണ്ടായതുമായി ബന്ധപ്പെട്ട കേസാണിത്. 2015 മുതൽ കോടതിയിൽ ഹാജരാകാതെ ഒളിവിലായിരുന്നു സാകത്. തുടർന്ന് മംഗളൂരു ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മഹാരാഷ്ട്രയിലെ പാന്തർപുറിൽ സാകതുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉർവ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെ മംഗളൂരിലെ കാവൂർ, മഹാരാഷ്ട്രയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.
SUMMARY: Ravi Pujari’s aide arrested in Mangaluru shootout case.