തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പോറ്റിയെ റിമാൻഡ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേയ്ക്ക് മാറ്റി.
അപസ്‌മാര ബാധിതനാണെന്നും ജയിലില്‍ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിക്കുകയായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുത്ത കേസില്‍ പോറ്റിയുടെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും.
ശേഷം നവംബർ മൂന്നിന് റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. ഈ കേസില്‍ പോറ്റിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ എസ്‌ഐടി ഇന്ന് കോടതിയില്‍ സമർപ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ ഇരുകേസുകളിലും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി കവർന്നെന്ന് കരുതുന്ന ബെല്ലാരിയില്‍ നിന്ന് കണ്ടെത്തിയ സ്വർണം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
SUMMARY: Sabarimala gold theft case; Unnikrishnan in Potti remand














