പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി. പതിനാലു മണിക്കൂറോളം പരിശോധന നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവില്‍ സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിക്കുകയും ചെയ്തു.
കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍ നിന്നും എസ്‌ഐടി സാമ്പിളുകള്‍ ശേഖരിക്കുകയും സ്വർണപാളികളുടെ തൂക്കവും വലിപ്പവും പരിശോധിക്കുകയും ചെയ്തു. സ്കാനറുകളുടെ അടക്കം സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. പാളികളുടെ കാലപ്പഴക്കം, പ്യൂരിറ്റി അടക്കം നിർണയിക്കും.
സ്വർണ പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നതില്‍ പരിശോധനാഫലം നിർണായകമാണ്. സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും. അതിനിടെ, സ്വർണകവർച്ചാക്കേസില്‍ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രിയുടെ അറസ്റ്റ് സിംഗിള്‍ ബെഞ്ച് തല്‍ക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്.
SUMMARY: Sabarimala gold theft; Scientific examination conducted at Sannidhanam completed













