തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി. ഇന്ന് തന്ത്രിയെ ചോദ്യം ചെയ്യാനായി എസ് ഐ ടി വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതല്‍ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കേസില്‍ നേരത്തെ മുതല്‍ തന്ത്രിയുടെ ഇടപെടല്‍ സംശയാസ്പദമായിരുന്നു. എന്നാല്‍ പൂര്‍ണമായ തെളിവുകള്‍ സമാഹരിച്ച ശേഷം തന്ത്രിയിലേക്ക് നീങ്ങിയാല്‍ മതി എന്ന നിലപാടിലായിരുന്നു എസ് ഐ ടി.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി മോഷ്ടിക്കാനും കടത്താനും അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ് എന്നതിനാല്‍ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടും. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയിലും തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം തടയുക എന്നതായിരുന്നു ഉദ്ദേശ്യം. തന്ത്രി നല്‍കിയ അനുമതികള്‍ സംശയാസ്പദമാണെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി വാങ്ങിക്കണം എന്നതാണ് ചട്ടം.
SUMMARY: Sabarimala gold theft: Thantri Kantarar Rajeevaru arrested














