
ശബരിമല: രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല ശ്രീധര്മ ശാസ്താ ക്ഷേത്ര നട അടച്ചു. പന്തളം രാജപ്രതിനിധി പുണർതംനാൾ നാരായണ വർമയുടെ ദർശനത്തിന് ശേഷം രാവിലെ 6.45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലേക്ക് തിരിച്ചു.
പെരിയസ്വാമി മരുതുവന ശിവൻകുട്ടിയുടെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. 23ന് പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തും. മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.
രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും പതിനെട്ടാം പടിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണാമം നടത്തി. അതിന് ശേഷം താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുമ്പ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേയ്ക്ക് യാത്രയായി.
SUMMARY: Sabarimala temple closed after all Makaravilakku festival rituals completed














