മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന 24ന്

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിന്റെ സുരക്ഷ പരിശോധന 24ന് നടത്തുമെന്ന് ബിഎംആർസിഎൽ. ചൈനയിൽ നിന്ന് എത്തിയ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിനിന്റെ പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) നടത്തും. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിച്ചത്.

ഇലക്ട്രോണിക് സിറ്റി വഴി ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈൻ. ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള ഡ്രൈവറില്ല ട്രെയിൻ സെറ്റിൻ്റെ നിർമാണം ഏറെക്കുറെ പൂർത്തിയായതായി ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പൃഥീഷ് ചൗധരി അറിയിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് ട്രെയിനുകൾ വീതമാകും യെല്ലോ ലൈനിൽ സർവീസ് നടത്തുകയെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു മുൻപ് വ്യക്തമാക്കിയിരുന്നു.

പദ്ധതി പൂർണമാകുന്നതോടെ യെല്ലോ ലൈനിൽ 36 ഡ്രൈവറില്ല ട്രെയിനുകൾ സർവീസ് നടത്തും. യെല്ലോ ലൈനിലേക്കുള്ള 34 ഡ്രൈവറില്ല ട്രെയിനുകൾ നിർമിക്കാനുള്ള കരാർ 2019 ഡിസംബറിൽ ടിറ്റാഗഡ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡുമായി (ബിഎംആർസിഎൽ) ഒപ്പുവെച്ചിരുന്നു. ആദ്യ ട്രെയിൻ 2024 ഓഗസ്റ്റിൽ കൈമാറാനായിരുന്നു ധാരണയെങ്കിലും ടിറ്റാഗഡ് ട്രെയിൻ കൈമാറുന്നതിൽ വൈകി. ഇതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ആദ്യ പ്രോട്ടോടൈപ്പ് ട്രെയിൻ ഈ വർഷം ഫെബ്രുവരി 14ന് ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയിരുന്നു.

TAGS: BENGALURU
SUMMARY: Safety inspection for Bengaluru Metro’s first driverless train on February 24

LEAVE A REPLY

Please enter your comment!
Please enter your name here