കൊച്ചി: പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം. മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ എത്തി ആദരാഞ്ജലി അര്‍പ്പിക്കും.
ഇന്നലെയാണ് സാനുമാഷ് വിട പറഞ്ഞത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഐ സി യുവില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായി
നാലു വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപനായി പ്രവര്‍ത്തിച്ചു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തിലും നിന്ന് വിരമിച്ചു.
1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
SUMMARY: Sanumash last rites today funeral will be held in the evening