കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്. ഇത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് നടന്റെ മൊഴി.
ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്‌ച വീണ്ടും ഹാജരാകാനാണ് നിർദേശം. സ്വാതിക്കിന്റെ പരിചയത്തിൽ കൂടുതൽ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സ്വാതിക്കിന്റെ സിനിമാ ബന്ധങ്ങളും ഇഡി അന്വേഷിക്കും.
തൃശൂർ സ്വദേശിയായ സ്വാതിക് 2019ലാണ് സേവ് ബോക്‌സ് എന്ന ആപ്പ് ആരംഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യത്തേത് എന്ന വിശേഷണത്തോടെയെത്തിയ ഓൺലൈൻ ലേല ആപ്പാണിത്. സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുള്ള സ്വാതിക് ജയസൂര്യയെയാണ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടി രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. മറ്റുപല സിനിമാതാരങ്ങളും ആപ്പിന്റെ പ്രചാരണത്തിനായി പ്രവർത്തിച്ചിരുന്നു. 2023ലാണ് ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ പുറത്തുവന്നത്. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി
ജനുവരി ഏഴിന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജയസൂര്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് നൽകിയിരിക്കുകയാണ്. കേസിൽ രണ്ട് പ്രാവശ്യം ചോദ്യംചെയ്തതാണ്. ഭാര്യ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
SUMMARY: Save Box app investment fraud case; ED finds that Jayasurya received around Rs 1 crore














