ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഇൻസമാം ഷെയ്ക്കിന്റെ മകള്‍ ഷഹനാസ് ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം. നല്ലൂർഹള്ളിയിലെ കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവ ദിവസം രാവിലെ ജോലിക്ക് പോയ ഇൻസമാം ഷെയ്ക്ക് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വീടിന് മുന്നിൽ കുട്ടികളിക്കുന്നത് കണ്ടിരുന്നു. ഇതേസമയം അയല്‍വാസി പശ്ചിമ ബംഗാൾ സ്വദേശി യൂസഫ് മീർ എന്ന ആളെയും കുട്ടിയുടെ സമീപത്ത് കണ്ടതായി ഇൻസമാം പോലീസിനോട് പറഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞു കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പോലീസ് നടത്തിയ തിരച്ചലില്‍ അർദ്ധരാത്രിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അയൽക്കാരനായ യൂസഫ് മീറും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റ്ഫീൽഡ് പോലീസ് യൂസഫ് മീറിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
SUMMARY:Six-year-old girl found murdered in Whitefield














