തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ച് പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ എസ്‌ഐ ഷണ്‍മുഖസുന്ദരത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പോലീസിനെ ആക്രമിച്ചെന്നും സ്വയരക്ഷാര്‍ത്ഥം വെടിവയ്ക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ വിശദീകരണം. ആക്രമണത്തിൽ എസ്.ഐ ശരവണകുമാറിന് പരിക്കേറ്റു. മണികണ്ഠന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഉദുമൽപേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് തമിഴ്‌നാട് പോലീസ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷണ്മുഖസുന്ദരം കൊല്ലപ്പെട്ടത്. എംഎല്‍എയുടെ ഫാംഹൗസില്‍ നടന്ന കുടുംബ തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു ഷണ്മുഖ സുന്ദരം. എഐഎഡിഎംകെ എംഎല്‍എ സി മഹേന്ദ്രന്റെ ഉടമസ്ഥതയില്‍ തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമില്‍ വെച്ചാണ് കൊലപാതകമുണ്ടായത്. ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങില്‍തൊഴുവില്‍ താമസിക്കുന്ന മൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപാണ്ടി എന്നിവരാണ് പ്രതികള്‍. എംഎല്‍എയുടെ ഫാമിലാണ് മൂര്‍ത്തി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൂര്‍ത്തിയും മകന്‍ തങ്കപാണ്ടിയും തമ്മില്‍ മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തുടര്‍ന്ന് തങ്കപാണ്ടി പിതാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പിതാവിന് ഗുരുതരമായി പരുക്കേറ്റു. കുടുംബാംഗങ്ങള്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ എസ്ഐ ഷണ്‍മുഖസുന്ദരവും കോണ്‍സ്റ്റബിള്‍ അഴഗുരാജയും സ്ഥലത്തെത്തി. മൂര്‍ത്തിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ, മൂര്‍ത്തിയുടെ മൂത്ത മകന്‍ മണികണ്ഠന്‍ ഷണ്‍മുഖസുന്ദരത്തെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖസുന്ദരം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോണ്‍സ്റ്റബിള്‍ അഴഗുരാജയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
SUMMARY: Suspect who hacked to death SI in Tamil Nadu dies in police encounter