തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങള്‍ സഹിതമാണ് റിപ്പോർട്ട്. വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും തെളിവുകളുണ്ട്.
ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയില്‍ സന്ദർശനങ്ങള്‍ ജയില്‍ മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങള്‍. വിനോദിനെതിരായ പരാതികള്‍ ജയില്‍ വകുപ്പ് മുമ്പും മുക്കിയിട്ടുണ്ട്. മധ്യമേഖല മുൻ ഡിഐജിയാണ് ജയില്‍ മേധാവിക്ക് കത്തുകള്‍ നല്‍കിയത്. ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയുടെ ബന്ധുക്കളില്‍ നിന്നും വിനോദ് കുമാർ കോഴ വാങ്ങിയതിൻ്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചിരുന്നു. ഗൂഗിള്‍ പേ വഴിയാണ് വിനോദ് കുമാർ പണം വാങ്ങിയത്. പരോളിനും ജയിലില്‍ സൗകര്യങ്ങളൊരുക്കാനും തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തല്‍. പരോള്‍ നല്‍കാൻ പ്രതികളുടെ ബന്ധുക്കളില്‍നിന്ന് 1.8 ലക്ഷം രൂപ വീതമാണ് വാങ്ങിയത്.
ലഹരി കേസുകളിലടക്കം പ്രതികളായവർക്കും പെട്ടെന്ന് പരോള്‍ കിട്ടാൻ വിനോദ് കുമാർ ഇടപെട്ടിരുന്നു. ഗൂഗിള്‍ പേ വഴി ഭാര്യയുടെയും അക്കൗണ്ടിലേക്കും പണം വാങ്ങിയിട്ടുണ്ട്. കൂടാതെ സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങാറുണ്ടെന്നും ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ.
SUMMARY: Taking bribe from prisoners; DIG Vinod Kumar suspended














