ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി – പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി. പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം. രണ്ട് ട്രെയിനി പൈലറ്റുമാർ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇരുവർക്കും പരുക്കുകളൊന്നും സംഭവിച്ചില്ല.
ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. അമ്മച്ചത്തിരം ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായിരുന്ന പൊതുജനങ്ങളെയും മറ്റ് റോഡ് ഉപയോക്താക്കളെയും സംഭവം അത്ഭുതപ്പെടുത്തി. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. ഒറ്റ എഞ്ചിൻ ഉള്ള സെസ്ന 172 വിമാനമാണ് അപ്രതീക്ഷിതമായി നിലത്തിറക്കിയത്. സാങ്കേതിക തകരാർ ആണ് കാരണം എന്നാണ് സൂചന.
വിവരം ലഭിച്ചതിനെത്തുടർന്ന് പുതുക്കോട്ടൈ ജില്ലയിലെ കീരനൂർ സബ് ഡിവിഷനില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. സ്ഥലത്തിന് സമീപമുള്ള വാഹന ഗതാഗതം സുഗമമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
SUMMARY: Technical failure; Small plane makes emergency landing on national highway













