തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തൽ അഴിച്ചു മാറ്റി. 21000 രൂപ പ്രതിമാസ ഓണറേറിയം, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങൾ നേടുന്നത് വരെ ജില്ലാതലത്തിൽ സമരം തുടരും.സമരം അവസാനിപ്പിക്കുകയല്ലെന്നും സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്നും സമരസമിതി നേതാവ് എസ് മിനി പറഞ്ഞു.
സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന സമരത്തേക്കാൾ രൂക്ഷമായിരിക്കും പ്രാദേശിക തലത്തിലേതെന്ന് സമാപനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 2026ൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റിൽ ആശമാരുടെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎൽഎമാരായ രമേശ് ചെന്നിത്തല, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സമരം ആരംഭിച്ചത്.ആരോഗ്യവകുപ്പുമായി പലതവണ ചർച്ചകൾ നടന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി സമരം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ആശമാർ. ഓണറേറിയം വർധിപ്പിച്ചതിനു പുറമേ ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതും 10 വർഷം പൂർത്തിയാക്കിയ ആശമാർക്ക് വിരമിക്കൽ ആനുകൂല്യമായി 50,000 രൂപ നൽകാൻ കേന്ദ്രം തീരുമാനിച്ചതുമെല്ലാം സമരത്തിന്റെ നേട്ടമായാണ് കണക്കാക്കുന്നത്. കേരള സർക്കാർ ആശമാരുടെ മുഴുവൻ കുടിശ്ശികയും നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ ഉറപ്പ് നൽകിയിരുന്നു.
SUMMARY: The 266-day day-night strike of the Ashas has ended.














