ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു.
ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഊബർ ടാക്സി വിളിച്ച് യാത്ര ചെയ്തപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
തനിക്കുണ്ടായ ദുരനുഭവം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. യാത്രക്ക് ഓൺലൈൻ ടാക്‌സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.
ഓൺലൈനായി ബുക്ക് ചെയ്‌ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്‌സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി.
എന്നാൽ സ്‌ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി വീഡിയോയിൽ പറയുന്നു.
സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തത്.
SUMMARY: Three drivers’ licenses suspended after tourist girl was stopped













