ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര സുഖകരമാക്കാനും വ്യോമായന മേഖലയിലെ കുത്തക ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. അൽഹിന്ദ്, ഹൈഎക്സ്പ്രസ് എന്നീ രണ്ട് വിമാന കമ്പനികൾക്ക് സർക്കാർ എൻഒസി നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശംഖ് എക്‌സ്പ്രസിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. അടുത്തവര്‍ഷം മൂന്ന് കമ്പനികളും പ്രവര്‍ത്തനം ആരംഭിക്കും.
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പാണ് “അൽഹിന്ദ് എയർ’ എന്ന പേരിൽ സർവീസ് തുടങ്ങുന്നത്. തുടക്കത്തിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തര സർവീസുകൾക്കായിരിക്കും ഇവർ മുൻഗണന നൽകുക. 2026-ന്റെ ആദ്യ പകുതിയോടെ ആദ്യ വിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സർക്കാർ
ഉടമസ്ഥതയിലുള്ള അലയൻസ് എയർ, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയാണ് നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ. ഇതില്‍ തന്നെ 65 ശതമാനവും ഇന്‍ഡിഗോയ്ക്കാണ്. അടുത്തിടെ ഇന്‍ഡിഗോ പ്രതിസന്ധി മൂലം 10 ദിവസത്തിനുള്ളില്‍ ഏകദേശം 4,500 വിമാനങ്ങളാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെ ഇത് കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനും ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനുമാണ് കൂടുതല്‍ കമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.
SUMMARY: Three new airlines join Indian skies;














