പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ജംഗിള്‍ ഫാമിലെ വളര്‍ത്ത് ആടുകളില്‍ ഒന്നിനെ കൊന്നിരുന്നു.
ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന് തീറ്റ കൊടുത്തുകൊണ്ടിരുന്ന ആടിനെയാണ് കടുവ പിടിച്ചുകൊണ്ടുപോയത്. തന്റെ തലയ്ക്കു മീതേകൂടി കടുവ ചാടിവരികയായിരുന്നുവെന്ന് ജീവനക്കാരന് പറഞ്ഞിരുന്നു. ബഹളം വച്ച് ആളുകളെ കൂട്ടി പരിശോധന നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്കു കടന്നിരുന്നു.
വനപാലകരുടെകൂടി സഹായത്തോടെ പ്രദേശവാസികള്‍ കാട്ടിനുള്ളില്‍ പരിശോധന നടത്തി ആടിന്റെ ജഡം കണ്ടെത്തി. ജഡത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചശേഷം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതുതേടി കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജഡാവശിഷ്ടങ്ങള്‍ ശേഖരിച്ച് സമീപത്തു നേരത്തേ സ്ഥാപിച്ചിരുന്ന കൂടിനുള്ളില്‍ വച്ചിരുന്നു. ഇതോടെയാണ് കടുവ കുടുങ്ങിയത്.
SUMMARY: Tiger falls into trap in Pathanamthitta














