ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന കേസുകളും 18,500 രൂപ പിഴയും ചുമത്തി. ബെംഗളൂരു ട്രാഫിക് പോലീസ് ആണ് വെബ്‌സൈറ്റിലൂടെ വിവരം പുറത്തുവിട്ടത്. ഒന്നിലധികം നിയമലംഘനങ്ങൾക്കാണ് വാഹനത്തിനെതിരെ കേസെടുത്തത്.
ഹെബ്ബാള്‍ ഫ്ലൈഓവറിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡി.കെ. ശിവകുമാറും മന്ത്രി ബൈരതിയും. ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാര്‍ തന്നെ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചിരുന്നു. കെ.എ. 04 JZ 2087 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ഇരുചക്രവാഹനമാണ് ഉപമുഖ്യമന്ത്രി ഉപയോഗിച്ചത്. മെച്ചപ്പെട്ട ബെംഗളൂരു കെട്ടിപ്പടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ഹെബ്ബാള്‍ മേല്‍പ്പാലം ലൂപ്പ് തുറക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്ന് വീഡിയോക്കൊപ്പം കുറിച്ചിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുമെന്നും പോസ്റ്റില്‍ ശിവകുമാര്‍ പറഞ്ഞു.
The Hebbal flyover loop is set to open, easing traffic congestion and ensuring smoother and faster commutes as part of our government’s commitment to building a better Bengaluru.#HebbalFlyover pic.twitter.com/HotJ61mUpx
— DK Shivakumar (@DKShivakumar) August 5, 2025
യാത്രയില്‍ ഹാഫ് ഹെൽമെറ്റ് ഉപയോഗിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, നിരോധിത മേഖലകളിലോ വൺവേ മേഖലകളിലോ പ്രവേശിക്കുക തുടങ്ങി ഒന്നിലധികം നിയമലംഘനങ്ങൾക്കാണ് വാഹനത്തിനെതിരെ കേസെടുത്തത്.
ഉപമുഖ്യമന്ത്രിയെ പരിഹസിച്ച് കൊണ്ട് ജെ.ഡി എസും ബിജെപിയും രംഗത്തെത്തി. ട്രാഫിക് പോലീസിനോട് പിഴ ഈടാക്കാൻ ജെ.ഡി എസ് ആവശ്യപ്പെടുകയും ചെയ്തു. ഡി.കെ.യ്ക്ക് ഒരു നിയമവും സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമാണോ എന്നാണ് ബിജെപി എക്സ് പോസ്റ്റിലൂടെ ചോദിച്ചു
അതേസമയം, വാഹനം ഡി.കെ. ശിവകുമാറിന്റേതല്ലെന്നും പരിശോധനക്കിടെ അദ്ദേഹം വാഹനമോടിക്കുക മാത്രമായിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു. വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രാഫിക് പോലീസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
SUMMARY: Traffic violation; Two-wheeler driven by Deputy Chief Minister D.K. Shivakumar fined Rs. 18,500