വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി ‘ദി അറ്റ്‌ലാന്റിക്’ റിപ്പോര്‍ട്ട് ചെയ്തു.
ശരിയായത് ചെയ്തില്ലെങ്കിൽ മദുറോയേക്കാൾ മോശം സാഹചര്യം നേരിടേണ്ടി വരുമെന്നാണ് അറ്റ്ലാന്റിക് മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. നിക്കോളസ് മദുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെയാണ് ഡെൽസി റോഡിഗ്രസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്. മദുറോയെ യു.എസ് ബന്ദിയാക്കി കൊണ്ടുപോയതിന് മണിക്കൂറുകൾക്കുള്ളിൽ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് സൈന്യത്തിന്റെ പിടിയിലായ നിക്കോളസ് മദുറോ ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി ജയിലിലാണ്. ഇതേക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു റോഡ്രിഗസിനുള്ള ട്രംപിന്റെ ഭീഷണി. വെനിസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം നേടാന്‍ റോഡ്രിഗസിനെ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.
“ഞങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ആവശ്യമാണ്. അവരുടെ രാജ്യത്തെ എണ്ണയും മറ്റ് കാര്യങ്ങളും ആ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്”, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് സൈന്യത്തിന്റെ ഇടപെടല്‍ നേരിടുന്ന അവസാന രാജ്യം വെനസ്വല ആയിരിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ചാണ് വെനിസ്വേലയില്‍ അതിക്രമിച്ച് കടന്ന് അമേരിക്ക മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മദുറോയെയും സിലിയ ഫ്ലോറസിനെയും ബന്ദിയാക്കിയത്.
SUMMARY: Trump threatens Venezuela’s interim president














