കൊല്ലം: കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ വിദ്യാർഥിയുടെ കൈ അടിച്ചു പൊട്ടിച്ചുവെന്നാണ് പരാതി. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററില്‍ ഇന്നലെ വൈകിട്ടാണു സംഭവം.
പ്ലസ് വണ്‍ വിദ്യാർഥിയായ കുട്ടി നാഷണല്‍ സർവീസ് സ്കീം ക്യാമ്പിൽ പങ്കെടുക്കുന്നതിനാല്‍ ടൂഷൻ സെന്ററില്‍ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും രണ്ട് ദിവസമായി സ്കൂളില്‍ വിടാതെ സെന്ററില്‍ ഇരുത്തി എഴുതിച്ചതായ് കുട്ടിയുടെ അച്ഛൻ പറഞ്ഞു. വൈകിട്ടു ക്ലാസില്‍ എത്തിയ പ്രിൻസിപ്പല്‍ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലി. ചൂരല്‍കൊണ്ട് അടിച്ചു വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്. മർദ്ദനവിവരം ട്യൂഷൻ സെന്റർ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്.
മകന്റെ കയ്യില്‍ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടില്‍ കൊണ്ടുവിടുകയാണെന്നുമാണ് പറഞ്ഞത്. കുട്ടിയെ വീട്ടില്‍ എത്തിച്ച ശേഷം സ്ഥാപന അധികൃതർ പോയി. രാത്രിയില്‍ കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണു മുറിവേറ്റതായി കണ്ടത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
SUMMARY: Tuition center owner brutally beats child for not finishing writing notes














