ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പീഡന, വധ ഭീഷണി മുഴക്കിയതിനും അശ്ലീല സന്ദേശങ്ങളും കമന്റുകളും ചെയ്തതിനു ദിവ്യ നൽകിയ പരാതിയിന്മേലാണ് നടപടി. കുറ്റകൃത്യത്തിൽ പങ്കുള്ള 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തുഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി നടപടിയെ ദിവ്യ സ്വാഗതം ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷയാണ് സുപ്രീംകോടതിയെന്നും രേണുകാസ്വാമിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദർശന്റെ ആരാധകർ ദിവ്യക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടത്.
ഇതോടെ 43 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കെതിരെ ദിവ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാന വനിത കമ്മിഷനും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകിയിരുന്നു.
SUMMARY: Two arrested for abusing actor Ramya online.