ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ക്യാമ്പസിനകത്തെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് എക്കണോമിക്സിലെ സാമ്പത്തിക ശാസ്ത്ര ഇന്റഗ്രേറ്റഡ് എംഎസ്സി വിദ്യാർഥിനികളായ ഹാവേരി സ്വദേശിനി സുജന്യ ജി ജെ, തെലങ്കാനയിൽ നിന്നുള്ള രേഖ നിക്ഷിത എന്നീ വിദ്യാർഥിനികൾക്കാണ് കടിയേറ്റത്.
കോളേജ് ക്യാമ്പസിൽ വച്ച് ഒരുകൂട്ടം തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇരുവരെയും പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയുടെ കടിയേറ്റ പരിക്കുകളോടെ വിദ്യാർഥിനികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിബിഎംപിയിലെ ആരോഗ്യ-ശുചിത്വ വകുപ്പ് സ്പെഷ്യൽ കമ്മീഷണർ സുരാൽക്കർ വികാസ് കിഷോർ സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍നടപടികള്‍ക്കായി വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Two female students injured in stray dog attack in Bengaluru, hospitalised