ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ഉമര്‍ ഖാലിദ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് രണ്ടാഴ്ചത്തെ ജാമ്യം നല്‍കിയത്.
ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ജാമ്യം. ഈ മാസം അവസാന വാരത്തിലാണ് ഉമര്‍ ഖാലിദിന്റെ സഹോദരിയുടെ വിവാഹം. ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ഉമര്‍ ഖാലിദ് കര്‍ക്കര്‍ദൂമ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ കോടതി അനുവദിച്ചു. ഡിസംബര്‍ 27ന് നടക്കുന്ന വിവാഹത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമാണ് എന്ന് അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
20000 രൂപ കെട്ടിവെക്കണം, തുല്യമായ തുകയുടെ രണ്ട് ആള്‍ജാമ്യവും വേണം എന്ന നിബന്ധനയാണ് കോടതി മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അധികമായി വിചാരണ തടവുകാരനായി കഴിയുകയാണ് അദ്ദേഹം. 2022ല്‍ സഹോദരിയുടെ വിവാഹത്തിന് ഒരാഴ്ച ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ജാമ്യം കിട്ടിയിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്തംബറിലാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
SUMMARY: Umar Khalid granted interim bail














