കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ സിറ്റി പോലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് നടപടി.
അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പോലീസില്‍ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ വിധി വന്നതിന് പിന്നാലെയാണ് മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചത്. നിലവില്‍ കേസിലെ പ്രതിയായ മാര്‍ട്ടിന്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷാതടവുകാരനാണ്.
മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയില്‍ അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തവർക്കെതിരെയും കേസെടുക്കും. വീഡിയോ പങ്കുവച്ച നവമാധ്യമങ്ങളിലെ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയുടെ 27 ലിങ്കുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിജീവിതയുടെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ ഐ ടി നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
SUMMARY: Video reveals survivor’s name; Police file case against Martin














