തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി. നന്തൻകോട് കൗണ്‍സിലര്‍ കെ ആർ ക്ലീറ്റസ്, വെങ്ങാനൂര്‍ കൗണ്‍സിലര്‍ എസ് ലതിക എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ഒപ്പിട്ടതിലെ പിഴവാണ് കാരണം.
കോണ്‍ഗ്രസ് വിമതനായി പൗണ്ട്കടവില്‍ മത്സരിച്ചു വിജയിച്ച സുധീഷ് കുമാർ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടു മുമ്പായി, ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗണ്‍സിലർ എസ് പി ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കളക്ടർ നിരസിച്ചു.
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കളക്ടർ അനുകുമാരി പറഞ്ഞു. കയ്യടിയോടെയാണ് ബിജെപി അംഗങ്ങള്‍ കലക്ടറുടെ വാക്കുകളെ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളില്‍ ഒപ്പിടുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കളക്ടർ പറഞ്ഞു. തുടർന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.
SUMMARY: VV Rajesh becomes first BJP mayor in Kerala














