തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത ശേഷമാണ് കൈമാറിയത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30ന് വിമാനമാർഗം റായ്പുരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധു ശശികാന്ത് ഭാഗേൽ പറഞ്ഞു. കുടുംബം മൃതദേഹത്തെ അനുഗമിക്കും. നെടുമ്പാശ്ശേരി വഴിയാണ് യാത്ര. തൃശൂരിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ നെടുമ്പാശ്ശേരി വരെയുണ്ടാകും.
അതേസമയം രാം നാരായണന് നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹമാസകലം മര്‍ദനമേറ്റു. തലയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നാണ് കണ്ടെത്തല്‍. വടി അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചത് ശരീരത്തില്‍ പ്രകടം. വാരിയല്ലുകള്‍ ഒടിഞ്ഞ് തറച്ചുകയറിയ നിലയിലാണ്. തലയിലും ക്രൂരമായ മര്‍ദ്ദനം ഏറ്റു. മസിലുകള്‍ ചതഞ്ഞരഞ്ഞ് ഞരമ്പുകള്‍ തകര്‍ന്നു. രക്തം തൊലിയിലേക്ക് പടര്‍ന്നു പിടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്ക് പുറമെ കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ നാടുവിട്ടതായി സൂചനയുണ്ട്. റാം നാരായണനെ മര്‍ദ്ദിച്ചവരില്‍ സ്ത്രീകളും ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ പാലക്കാട് അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി, വിപിന്‍ എന്നിവര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നാലാം പ്രതി ആനന്ദന് സിഐടിയു പ്രവര്‍ത്തകനാണ്.
SUMMARY: Walayar mob lynching: Ram Narayan’s body handed over to relatives














