കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ ഉദ്ദേശമെന്നും കോടതി ആരാഞ്ഞു. പരിപാടിയുടെ നടത്തിപ്പിൽ സുതാര്യതയുണ്ടാവണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഹൈക്കോടതി അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാകാൻ ഇത്തരം പരിപാടികൾ ആവശ്യമുണ്ടോയെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രൻ, വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വാക്കാല്‍ ചോദിച്ചു. സംഗമത്തിന് ആരാണ് പേരിട്ടതെന്നും എന്തിനാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി.
ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനാണ് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹർജി ഹർജി നൽകിയത്. സർക്കാരിൻ്റെ നീക്കം ഭരണഘടന വിരുദ്ധവും ദേവസ്വം ബോർഡിൻ്റെ ചുമതലകൾക്ക് വിരുദ്ധവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഫയലിൽ സ്വീകരിച്ച കോടതി ദേവസ്വം ബെഞ്ച് മുമ്പാകെയുള്ള ഹർജിക്കൊപ്പം പരിഗണിക്കാനായി സെപ്റ്റംബർ ഒമ്പതിലേക്ക് മാറ്റി.
SUMMARY: Why a global Ayyappa Sangam, is it necessary to make Sabarimala a global pilgrimage center?; High Court questions