ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്‌ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കി പൗരത്വ രജിസ്റ്റർ മറ്റു മാർഗങ്ങളിലൂടെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിക്കുന്നത്. ജനാധിപത്യ മാർഗങ്ങളിലൂടെയും വിവിധ രേഖകളുടെയും അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ പതിറ്റാണ്ടുകളായി ഉള്ള പൗരന്മാരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന പ്രക്രിയയാണ് കമീഷൻ നടപ്പാക്കുന്നത്. എസ്.ഐ.ആറിന്റെ ഭരണഘടന സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് മറ്റു സ്ഥലങ്ങളിലും നടപ്പാക്കാനുള്ള നീക്കം ആശങ്കാജനകമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ ഇപ്പോഴത്തെ നീക്കങ്ങൾ ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്താനും, തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കാനും ഇടയാക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വിസ്ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം റഷീദ് കൊടക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജിദ് ബഷീർ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രവർത്തക സമിതി അംഗം റിഷാദ് അൽ ഹികമി പ്രമേയ വിശദീകരണം നടത്തി. സി.പി. ഷഹീർ, അഷ്റഫ് സലഫി, നിസാർ സ്വലാഹി, ഹാരിസ് ബന്നൂർ, ശുഐബ് എന്നിവർ സംസാരിച്ചു.
SUMMARY: Wisdom Bengaluru Representative Conference













