ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു സുബ്രഹ്മണ്യനഗർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗായത്രി നഗറിലുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് യുവതി വാടകയ്‌ക്ക് താമസിച്ചിരുന്നത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്‌തിരുന്നത്. കർണാടകയിലെ ദാവൻഗരെ സ്വദേശിയായ ഇവർ വാടകവീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം.
വിഷാദ രോഗത്തിന് അടിമയായ യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഒന്നര വർഷമായി യുവതി നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ദിവസങ്ങളോളം യുവതിയെ ഫോണിൽ ലഭിക്കാതെ വന്നതോടെ കുടുംബം വീട്ടുടമസ്ഥനെ ബന്ധപ്പെട്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ടതോടെ തള്ളിത്തുറക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തന്നെ യുവതിയുടെ മരണം സംഭവിച്ചിരിക്കാമെന്ന് പോലീസ് പറയുന്നു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണ സമയം കണ്ടെത്താൻ കഴിയൂ. യുവതിയുടെ മൊബൈൽ ഫോൺ കൂടുതൽ ഫോറൻസിക് പരിശോധനകൾക്കായി പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
SUMMARY: Woman found dead in rented house in Bengaluru; body in decomposed condition














