ബെംഗളൂരു: നിരന്തരമായ മർദ്ദനങ്ങളെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ചിക്കമഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ചയാണ് സംഭവം. ഹവള്ളി സ്വദേശി നേത്രാവതിയാണ്(34) കൊല്ലപ്പെട്ടത്. ഭർത്താവ് നവീനെതിരെ(39) കേസെടുത്തതായി പോലീസ് പറഞ്ഞു.
അഞ്ച് മാസം മുമ്പാണ് സകലേഷ്പൂർ സ്വദേശിയായ നവീനുമായി നേത്രാവതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം നേത്രാവതി പിണങ്ങി തന്റെ മാതൃ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. വിവാഹമോചനം വേണമെന്ന നിലപാടിലായിരുന്നു നേത്രാവതി.
അതിനിടെ, നവീൻ തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മൂന്ന് ദിവസം മുമ്പ് ആൽദൂർ പോലീസ് സ്റ്റേഷനിൽ നേത്രാവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ പ്രകോപിതനായാണ് നവീൻ ഭാര്യയെ കുത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നേത്രാവതിയെ ചിക്കമഗളൂരു നഗരത്തിലെ മല്ലഗൗഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
SUMMARY: Woman stabbed to death by husband for seeking divorce, incident in Chikkamagaluru