തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതി അംഗീകരിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർപ്പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യാൻ ഉത്തരവിട്ടു.
വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ നല്‍കിയ വിലാസം ശരിയല്ലെന്നും, പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് സിപിഐഎം ആണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വൈഷ്ണ മുട്ടട വാർഡില്‍ സ്ഥിരതാമസമില്ലെന്ന് ബോധ്യപ്പെട്ടു. മുട്ടടയില്‍ കുടുംബവീടുണ്ടെങ്കിലും സ്ഥാനാർഥി അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം.
മുട്ടട വാർഡില്‍ താമസിക്കുന്നതിനുള്ള വാടക കരാറോ കെട്ടിടത്തിൻ്റെ വിവരങ്ങളോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ വൈഷ്ണ ഹാജരാക്കിയിരുന്നില്ല. 18/564 എന്ന കെട്ടിട നമ്പറില്‍ വൈഷ്ണയുടെ വോട്ട് ചേർക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന നിലയില്‍ കോണ്‍ഗ്രസ് മുട്ടട ഡിവിഷനില്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച സ്ഥാനാർഥിയായിരുന്നു വൈഷ്ണ സുരേഷ്.
SUMMARY: Youngest candidate Vaishna Suresh cannot contest













