ബെംഗളൂരു: മകൻ പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിനു 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബമാണ് 50-കാരിയെ അതിക്രൂരമായി ആക്രമിച്ചത്. റാണെബന്നൂർ താലൂക്കിലെ അരേമല്ലപൂർ ഗ്രാമത്തിൽ അടുത്തിടെയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭാവന പുറത്താകുന്നത്.
ഹനുമവ്വ ദുർഗപ്പ മെഡ്‌ലേരി എന്ന യുവതിക്കാണ് മർദനമേറ്റത്. ഗുട്ടെവ്വ ഉജ്ജപ്പ തെലഗി, നാഗവ്വ നിങ്കപ്പ ബേവിനാമരട്, സവിതവ്വ ബസപ്പ തെലഗി, ചന്ദ്രപ്പ തെലഗി, ബസപ്പ തെലഗി എന്നിവർ ചേർന്നാണ് തന്നെ മർദിച്ചത് എന്ന് പിന്നീട് പോലീസിൽ നൽകിയ പരാതിയിൽ ദുർഗപ്പ പറഞ്ഞു.
ഹനുമവ്വ മെഡ്‌ലേരിയുടെ മകൻ മഞ്ജുനാഥ്, പൂജ ഗംഗപ്പ തെലഗിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഗ്രാമം വിട്ട് ഒളിച്ചോടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്നും പോലീസ് പറഞ്ഞു. യുവാവ് ഒളിച്ചോടിയതിനു കാരണക്കാരി ദുർഗപ്പയാണെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ കുടുംബം ഇവരെ ആക്രമിച്ചത്. പരുക്കേറ്റ 50-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റാണെബെന്നൂർ പോലീസ് കേസെടുത്തു.


 
                                    









