ബെംഗളൂരു: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കബല്ലാപുര – ഗൗരിബിദനൂർ റോഡിലെ ബൊമ്മനഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടൊയോട്ട ഇന്നോവ എംയുവി മുമ്പിലുണ്ടായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി സ്വദേശിയായ വെങ്കിട്ടറാം റെഡ്ഡി (45) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് രണ്ട് വാഹനങ്ങളും റോഡരികിലെ ഒരു വയലിലേക്ക് മറിഞ്ഞു.
വെങ്കടറാം റെഡ്ഡി നഗരത്തിലെ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ചിക്കബല്ലാപുരിലെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. വ്യാഴാഴ്ച രാവിലെ വെങ്കടറാം ഗൗരിബിദനൂരിലേക്ക് പോകുമ്പോഴാണ് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള എംയുവി ആണ് ബൈക്കിൽ ഇടിച്ചത്. സംഭവത്തിൽ ചിക്കബെല്ലാപുര റൂറൽ പോലീസ് കേസെടുത്തു.












