ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി ബിഎംആർസിഎല്‍ നിർമിക്കുന്നു. അടുത്തിടെ തുറന്നു കൊടുത്ത യെല്ലോ ലൈന്‍ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംക്ഷനില്‍ നിർമിച്ച ഡബിൾ ഡെക്കർ മേൽപാലത്തിനു സമാനമായാണ് ഇവ നിര്‍മിക്കുക.
ജെപി നഗർ -ഹെബ്ബാൾ, ഹൊസഹള്ളി-കഡംബഗര പാതകളില്‍ മേൽപാല നിർമാണം ആരംഭിച്ചു. 28.48 കിലോമീറ്റർ മേൽപാലം ജെപി നഗർ മുതല്‍ -കെംപാപുര വരെയും 8.63 കിലോമീറ്റർ പാലം ഹൊസഹള്ളി മുതല്‍ കഡംബഗരെയുമാണ് നിർമിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മേല്‍പ്പാലമായി ജെപി നഗർ -കെംപാപുര പാലം മാറും.
9700 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. പദ്ധതിക്ക് കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
യെലോ ലൈനിൽ സിൽക്ക് ബോർഡ് ജംക്ഷനിലാണ് ആദ്യമായി ഡബിൾ ഡെക്കർ മേൽപാലം നിർമിച്ചത്. ഡബിൾ ഡെക്കർ പാലത്തിൽ മുകളിലെ പാലത്തിലൂടെ മെട്രോയും താഴത്തെ പാലത്തിലൂടെ വാഹനങ്ങളും കടന്നുപോകും. സ്‌ഥലമേറ്റെടുപ്പ് കുറയ്ക്കാമെന്നതാണ് ഡബിൾ ഡെക്കർ പാലങ്ങളുടെ പ്രത്യേകത.
SUMMARY: 2 more double-decker flyovers in Bengaluru