ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഹൊംബാളെ ഫിലിംസ്, കീസ്റ്റോൺ എന്റർടൈൻമെന്റ്, വികെ ഫിലിംസ് എന്നിവര്‍ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് രവി വി. ഹൊസമണിയാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്ന പുതിയ ചട്ടം നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞത്. കർണാടക സിനിമാസ് റെഗുലേഷൻ നിയമപ്രകാരം സിനിമാടിക്കറ്റിന് പരിധി ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
എല്ലാവർക്കും തിയേറ്ററിൽ പോയി സിനിമ കാണാനുള്ള സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണ് നിരക്ക് നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വാദിച്ചു. പുതിയ ചട്ടം, പ്രീമിയം വിഭാഗത്തിൽപ്പെടുന്ന 75 ഇരിപ്പിടങ്ങളിൽ കുറവുള്ള മൾട്ടിപ്ലക്‌സുകൾക്ക് ബാധകമല്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, വലിയ തുക മുതൽമുടക്കിയാണ് മൾട്ടിപ്ലക്‌സുകൾ ആരംഭിച്ചിരിക്കുന്നതെന്നും സർക്കാരിന്റെ തീരുമാനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അസോസിയേഷൻ വാദിച്ചു.
നിരക്ക് നിശ്ചയിച്ച നടപടി എല്ലാ വിമാനങ്ങളിലും ഇക്കോണമി ക്ലാസ് മാത്രമേ പാടുള്ളൂവെന്ന് തീരുമാനിക്കുന്നതിന് തുല്യമാണ്. മുൻപ് 2017-ൽ സംസ്ഥാന സർക്കാർ പരമാവധി നിരക്ക് നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയതും ചൂണ്ടിക്കാട്ടി. ഇരുഭാഗത്തയും വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിനോദ നികുതി ഉള്‍പ്പെടെ ടിക്കറ്റുകള്‍ക്ക് പരമാവധി 200യാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം 75 സീറ്റുകള്‍ ഉള്ള മൾട്ടിപ്ലക്‌സ് തീയറ്ററുകളെ ഇതില്‍നിന്നും ഒഴിവാക്കിയിരുന്നു.
SUMMARY: 200 movie ticket price has been stopped