ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതടക്കമുള്ള നിയമലംഘനങ്ങൾക്ക് കർണാടകയിൽ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് ദിവസത്തെ പ്രത്യേക പരിശോധനയിലാണ് നടപടി. 33 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
സെപ്റ്റംബർ 11 മുതൽ 15 വരെ സംസ്ഥാനത്തെ വിവിധ മേഖലകളിലായി 14,987 സ്വകാര്യ ബസുകൾ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്തർസംസ്ഥാന സർവീസുകളെയും പരിശോധനയിൽ ഉൾപ്പെടുത്തി. അമിത നിരക്ക് ഈടാക്കൽ, പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനം, നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയത്. യാത്രക്കാരുടെ സാധനങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.
ഗണേശോത്സവ കാലത്ത് സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നതായി നിരവധി യാത്രക്കാർ പരാതി നൽകിയതിനെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്. ബെംഗളൂരുവിൽ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള യാത്രയ്ക്ക് ഒരു യാത്രക്കാരനിൽ നിന്ന് 7,000 രൂപ വരെ ഈടാക്കിയതായി പരാതി ലഭിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.
പരിശോധനയിലൂടെ ആകെ 73.6 ലക്ഷം രൂപ ഈടാക്കി. ഇതിൽ 40.3 ലക്ഷം രൂപ പിഴയിനത്തിലാണ് ലഭിച്ചത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ ബന്ധപ്പെട്ട രജിസ്ട്രേഷൻ അതോറിറ്റികൾക്ക് തുടർനടപടികൾക്കായി കൈമാറിയതായി ഗതാഗത വകുപ്പ് അഡീഷണൽ കമ്മീഷണർ എം.പി. ഓംകാരേശ്വരി അറിയിച്ചു.
ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസ് സർവീസുകൾ അമിത നിരക്ക് ഈടാക്കുന്നത് ആവർത്തിക്കുന്ന പ്രശ്നമാണെന്ന് ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ പരാതികൾ പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന സാഹചര്യത്തിൽ തുടർന്നും നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
SUMMARY: 3,756 cases against private buses for charging excessive fares.
















