
തിരുവനന്തപുരം: പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച ഗ്രീമയുടെ ഭര്‍ത്താവ് പഴഞ്ചിറ സ്വദേശി ബി എം ഉണ്ണികൃഷ്ണനെയാണ് മുംബൈ വിമാനത്താവളത്തില്‍വെച്ച് പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് പൂന്തുറ പോലീസ് കേസെടുത്തിരുന്നു.
കമലേശ്വരം ആര്യന്‍കുഴി ശാന്തിഗാര്‍ഡന്‍സില്‍ സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത(54)യെയും മകള്‍ ഗ്രീമ എസ് രാജി(30)നെയുമാണ് ബുധനാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ സയനൈഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
അയര്‍ലന്‍ഡില്‍ അധ്യാപകനായ ഉണ്ണികൃഷ്ണന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് നാട്ടിലെത്തിക്കും. തുടര്‍ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍.
ആറു വര്‍ഷം മുന്‍പായിരുന്നു ഗ്രീമയുടെയും ഉണ്ണികൃഷ്ണന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഉണ്ണികൃഷ്ണന്‍ അയര്‍ലന്‍ഡിലേക്കു പോയി. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍, വിവാഹബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് ഉണ്ണികൃഷ്ണന്‍ ഗ്രീമയോടു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ഇരുവരുടെയും മരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
SUMMARY: Mother and daughter found dead in Thiruvananthapuram; Daughter’s husband arrested














