
ബെംഗളൂരു: വനിതാ മുനിസിപ്പൽ കമ്മിഷണറെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവ് രാജീവ് ഗൗഡ അറസ്റ്റിൽ. സിദ്ദലഘട്ട മുനിസിപ്പൽ കമ്മിഷണർ അമൃത ഗൗഡയെയാണ് ഭീഷണിപ്പെടുത്തിയത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രാജീവ് ഗൗഡയെ കേരള അതിർത്തിയിൽ നിന്ന് തിങ്കളാഴ്ചയാണ് സിഡ്‌ലഘട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ബാനർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് അമൃത ഗൗഡയെ ഭീഷണിപ്പെടുത്തിയത്. മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സയിദ് ഖാൻ പ്രധാന വേഷം അവതരിപ്പിച്ച സിനിമയുടെ ബാനർ നീക്കംചെയ്തതാണ് തർക്കത്തിന് കാരണം. അമൃത ഗൗഡയെ ഫോണിൽ വിളിച്ച രാജീവ് ഗൗഡ അസഭ്യം പറയുകയും കമ്മിഷണർ ഓഫീസിന് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ ഫോൺ സംഭാഷണം പുറത്താകുകയും ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തതോടെ ഗൗഡക്കെതിരെ പ്രതിഷേധം ശക്തമായി. തുടര്‍ന്നു പോലീസ് കേസെടുത്തതോടെ ഒളിവിൽ പോകുകയായിരുന്നു. സംഭവം വിവാദമായതോടെ പാർട്ടിയിൽനിന്നും ഗൗഡയെ സസ്പെൻഡ് ചെയ്തിരുന്നു.
SUMMARY: Congress leader arrested for threatening official














