തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെയുള്ള യാത്രയ്ക്ക് ഇനി 13 ഇടങ്ങളില്‍ ചുങ്കം നല്‍കേണ്ടി വരും. 645 കിലോമീറ്റർ ദൈർഘ്യമുള്ള പാതയില്‍ ടോള്‍ ബൂത്തുകളുടെ നിർമാണം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ദേശീയപാത 66-ല്‍ 12 ടോള്‍ പ്ലാസകളും, അരൂർ-തുറവൂർ 12.75 കിലോമീറ്റർ ഉയരപ്പാതയിലെ എരമല്ലൂരില്‍ ഒരു ടോള്‍ ബൂത്തും ഉള്‍പ്പെടെയാണ് ആകെ 13 കേന്ദ്രങ്ങള്‍. നിലവിലുള്ള ടോള്‍ പ്ലാസകള്‍ കണ്ണൂരിലെ കൊളശ്ശേരി, എറണാകുളത്തെ കുമ്പളം, തിരുവനന്തപുരത്തെ തിരുവല്ലം, മലപ്പുറത്തെ വെട്ടിച്ചിറ, കോഴിക്കോട്ടെ ഒളവണ്ണ എന്നിവയാണ്.
പുതുതായി ടോള്‍ പിരിവ് ആരംഭിക്കുന്ന കേന്ദ്രങ്ങള്‍ കാസറഗോഡ് പുല്ലൂർ പെരിയ, കണ്ണൂരിലെ തിരുവങ്ങാട്, കോഴിക്കോട്ടെ അഴിയൂർ, തൃശ്ശൂരിലെ നാട്ടിക, ആലപ്പുഴയിലെ കൊമ്മാടി, കൊല്ലത്തെ ഓച്ചിറ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ്. എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കുമ്പളം ടോള്‍ പ്ലാസയിലും, തുടർന്ന് അരൂർ-തുറവൂർ ഉയരപ്പാതയിലെ എരമല്ലൂരിലും ആലപ്പുഴ ബൈപാസ് ആരംഭിക്കുന്ന കൊമ്മാടിയിലും ടോള്‍ നല്‍കേണ്ടിവരും. ആലപ്പുഴ ജില്ലയിലെ 89 കിലോമീറ്റർ ദൂരത്തെ യാത്രയ്ക്ക് തന്നെ വലിയ തുക ചുങ്കമായി നല്‍കേണ്ടി വരുമെന്നാണ് സൂചന.
SUMMARY: Tolls to be collected at 13 locations on the Kasaragod-Thiruvananthapuram route; here are the toll booths
















