കൊച്ചി: പയ്യന്നൂർ മണ്ഡലത്തില്‍ നിന്നുള്ള വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഐ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്ന് ആരോപിച്ചാണ് മധുസൂദനൻ ഹർജി നല്‍കിയത്.
ഹർജിയില്‍ കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയച്ചു. രക്തസാക്ഷി ഫണ്ട് തട്ടിയെടുത്ത കള്ളനാണ് താനെന്ന രീതിയിലാണ് പ്രചാരണ വേളയില്‍ വി. കുഞ്ഞികൃഷ്ണൻ സംസാരിച്ചതെന്നും, എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവോ രേഖയോ ഇല്ലെന്നും ടി.ഐ. മധുസൂദനൻ ഹർജിയില്‍ ആരോപിക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ താൻ കളങ്കിതനാണെന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, സമർപ്പിച്ച ഹർജിയില്‍ ചില അപാകതകള്‍ ഉള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഹർജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യം ഹൈക്കോടതി ആദ്യം പരിശോധിക്കും. തുടർന്നാകും കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുക.
SUMMARY: V. Kunhikrishnan’s election victory must be set aside; Madhusoodanan moves High Court with a petition.
















