ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്കി. പത്തുവർഷത്തിലേറെയായി മാറ്റമില്ലാതെ തുടരുന്ന പരിധി വർധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ജീവനക്കാർക്ക് ഇപിഎഫ്, എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) എന്നിവയുടെ ആനുകൂല്യം ലഭിക്കും.
നിലവില്‍ അടിസ്ഥാന ശമ്പളം പ്രതിമാസം 15,000 രൂപ വരെയുള്ള ജീവനക്കാരാണ് നിർബന്ധിതമായി പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്. പുതിയ നിർദേശം നടപ്പായാല്‍ 25,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരും പദ്ധതിയില്‍ ഉള്‍പ്പെടും.
എന്നാല്‍ തീരുമാനം പ്രാബല്യത്തില്‍ വരാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി ആവശ്യമാണ്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമായിരിക്കും പ്രാബല്യ തീയതി പ്രഖ്യാപിക്കുക. വേതനപരിധി ഉയരുന്നതോടെ ജീവനക്കാരന്റെയും തൊഴിലുടമയുടെയും ഇപിഎഫ് സംഭാവനയും വർധിക്കും. നിലവില്‍ ഇരുവരും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് സംഭാവന ചെയ്യുന്നത്.
തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കാണ് മാറ്റിവെക്കുന്നത്. പുതിയ പരിധി പ്രാബല്യത്തില്‍ വന്നാല്‍ കൂടുതല്‍ ജീവനക്കാരെ പദ്ധതിയില്‍ ഉള്പ്പെടുത്തേണ്ടിവരുന്നതിനാല് കമ്പനികളുടെ പേറോള്‍ ചെലവും സർക്കാർ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും വർധിക്കുമെന്നാണ് വിലയിരുത്തല്‍.
SUMMARY: Finance Ministry approves raising EPF wage ceiling to ₹25,000.
















